Sunday, January 5, 2025
Kerala

‘പാര്‍ലമെന്‍റിൽ പറഞ്ഞത് സത്യങ്ങള്‍ മാത്രം, പ്രധാനമന്ത്രി വ്യക്തിപരമായി അധിക്ഷേപിച്ചു’; രാഹുൽ മീനങ്ങാടിയില്‍

വയനാട്: അദാനി – മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും രാഹുൽ ഗാന്ധി വയനാട്ടിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു. വന്യ ജീവി ആക്രമണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദാനി പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നും കരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. അദാനിക്ക് വേണ്ടി മോദി ചട്ടങ്ങൾ മറികടക്കുന്നുവെന്ന് ആരോപിച്ച മോദി, രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെയാണെന്നും ചോദിച്ചു. പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും പാർലമെൻ്റിൽ പറഞ്ഞത് സത്യങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താന്‍ മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാൽ പാർലമെൻ്റിലെ തന്‍റെ പ്രസംഗം നീക്കം ചെയ്തു. പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. മറുപടി പറയുന്നതിന് പകരം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മോദി ചെയ്തത്. എന്നാൽ ഇത് പാർലമെൻറിൽ നിന്ന് നീക്കം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സത്യം എന്നായാലും പുറത്തു വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഞങ്ങളുടെ രണ്ട് പേരുടെയും ശരീരഭാഷ കണ്ടാലറിയാം സത്യം എവിടെയാണെന്ന്. സത്യം മോദിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവർക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്കദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു. അതേസമയം, ചികിത്സ കിട്ടിയിരുന്നെങ്കിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തോമസിൻ്റെ കുടുംബം ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും ഹാരുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്രയിൽ ഒരു പാട് കർഷകരെ കണ്ടുവെന്നും എല്ലാവരും അസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *