Tuesday, March 11, 2025
Kerala

‘എക്സാലോജികിന് എതിരായ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നതിൽ സംശയം ഉണ്ട്; വലിയ ആവേശം ഇല്ല’; കെ മുരളീധരൻ

എക്സാലോജികിന് എതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നത് ഇവരുടെ അന്തർധാര അനുസരിച്ചിരിക്കുമെന്ന് കെ മുരളീധരൻ. കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞെന്നും ഇപ്പോൾ കയറും എന്നു പറയുന്നതല്ലാതെ കയറുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങൾക്ക് അത്ര വലിയ ആവേശം ഇല്ല. ഈ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നതിൽ സംശയം ഉണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ ഇതുവരെ ഒരു അന്വേഷണം നടന്നിട്ടില്ല. അത് കൊണ്ടാണ് അന്തർധാര ഉണ്ടെന്ന് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നടക്കുന്നത് ഒത്തു തീർപ്പ് ശ്രമമാണെന്നും ഇതൊരു ഭീഷണിയാണെന്നും മുരളീധരൻ ആരോപിച്ചു. സമ്മർദ്ദത്തിന് വഴങ്ങിയില്ലെങ്കിൽ കയറേണ്ട ഇടത്ത് കയറും എന്നാണ് ഭീഷണി. ഇത് കാണുമ്പോൾ മുഖ്യമന്ത്രി ഭയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ബൃന്ദ കാരാട്ടിൻ്റെ തുറന്ന് പറച്ചിലിലും മുരളീധരൻ പ്രതികരിച്ചു. മാർക്സിസ്റ്റ് പാർട്ടിയിൽ ഒരിക്കലും സ്ത്രീകൾക്ക് പരിഗണന കൊടുത്തിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

വൃന്ദാ കാരാട്ട് പ്രകാശ് കാരാട്ടിന്റെ ഭാര്യ ആയതുകൊണ്ടാണ് ഇത്രയും എത്തിയത്. അല്ലാതെ ഒരു സ്ത്രീകളും അവിടെ ഇത്രയും എത്തിയിട്ടില്ല. സിപിഐ പിന്നെയും മുന്നോട്ട് പോയിട്ടുണ്ടെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *