Sunday, April 13, 2025
Kerala

കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കാസർഗോഡ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഭക്ഷ്യ വിഷബാധയുമായി രണ്ടുതവണ ചികിത്സ തേടിയിട്ടും സ്വകാര്യ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ജനുവരി 1നും ജനുവരി 5നുമാണ് ഭക്ഷ്യവിഷബാധയേറ്റ തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി മരിച്ചത്.

സംഭവത്തിൽ ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാമർശമില്ലാതെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നത്. രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിശദീകരണം.

ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തിയിരുന്നു. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിലാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. നേരത്തെ അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിരുന്നു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *