Monday, February 3, 2025
Kerala

‘കർഷകരുടെ ആശങ്ക’; ആയിരങ്ങള്‍ സാക്ഷി, സർക്കാർ വീഴ്ചകളെ അക്കമിട്ട് നിരത്തി ബഫർ സോൺ ജനകീയ വിചാരണ

പാലക്കാട്: ബഫർ സോൺ വിഷയത്തിൽ സർക്കാർ വീഴ്ചകളെ അക്കമിട്ട് നിരത്തി ജനകീയ വിചാരണ. ജില്ലാ സംയുക്ത കർഷകസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ജനവിചാരണ സദസ്സ് സംഘടിപ്പിക്കപ്പെട്ടത്. വിചാരണ സദസ്സിന് മുന്നോടിയായി വടക്കഞ്ചേരി ആമക്കുളത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. പാലക്കാട് രൂപതാ വികാരി ജൻറാൾ മോൺ. ജിജോ ചാലക്കൽ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.

കർഷകരുടെ ഉള്ളിൽ എരിയുന്ന ആശങ്കയുടെ അഗ്നിയാണ് പ്രതിക്ഷേധ ജ്വാലയെന്ന് പേരിട്ട മാർച്ചിൽ എരിയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ചൂലന്നൂർ മുതൽ മുതലമട വരെയുള്ള ബഫർ സോൺ പ്രദേശങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് പ്രതിക്ഷേധ മാർച്ചിൽ കണ്ണി ചേർന്നത്. വടക്കഞ്ചേരി മന്ദ മൈതാനത്തായിരുന്നു ജനവിചാരണ സദസ് സംഘടിപ്പിക്കപ്പെട്ടത്. ചൂലന്നൂർ, പീച്ചി വാഴാനി, ചിമ്മിനി, പറമ്പിക്കുളം വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ പരിധിയിൽ വരുന്ന പതിനായിരക്കണക്കിന് കർഷകരെ പ്രതിനിധീകരിച്ചാണ്, വടക്കഞ്ചേരിയിൽ ആയിരങ്ങൾ അണിനിരന്നത്.

സുപ്രിം കോടതി നിർദേശങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാതിരുന്നതും, സ്ഥല പരിശോധന നടത്തി വിവരശേഖരണം വൈകിച്ചതും, സുപ്രിം കോടതിയിൽ പുനപരിശോധന ഹർജി നല്കിയതും സർക്കാർ വീഴ്‌ചയായി ചൂണ്ടി കാണിക്കപ്പെട്ടു. ബഫർ സോൺ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളുടെ ഭൂപടം വനം വകുപ്പിന്‍റെ മാപ്പിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും വീഴ്‌ചയായി. വ്യക്തതയില്ലാത്ത മാപ്പുകളും ഏകോപനമില്ലാത്ത വകുപ്പുകളും വിചാരണക്ക് വിധേയമായി.

ബഫർ സോൺ വിഷയത്തിൽ വനം വകുപ്പിനെ മാത്രം ആശ്രയിക്കാതെ സർക്കാർ ഗൗരവമായി വിഷയത്തിൽ ഇടപെടണം എന്ന് ജനവിചാരണ സദസ്സ് ആവശ്യപ്പെട്ടു. പാലക്കട്ടെ മയിലില്ലാത്ത ചൂലന്നൂർ മയിൽ സങ്കേതം റദ്ദ് ചെയ്യണം എന്നും, ജില്ലയിലെ ബാക്കി നാല് വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ പരിധി റിസർവ്വ് ഫോറസ്റ്റിന്റെ അതിർത്തിയിൽ അവസാനിപ്പിക്കണമെന്നും ജനവിചാരണ സദസ്സ് ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ കർഷക സംരക്ഷണ സമിതി ചെയർമാൻ അഡ്വ. ഫാ. ജോബി കാച്ചപ്പള്ളി ജനവിചാരണ സദസ്സ് ഉത്ഘാടനം ചെയ്തു.

കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അദ്ധ്യക്ഷത വഹിച്ചു. സംയുക്ത കർഷക സമിതി കോഡിനേറ്റർ ഫാ. സജി ജോസഫ് വിഷയം അവതരിപ്പിച്ചു. കിഫ സംസ്ഥാന ചെയമാൻ അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിന് ചാർലി പാലക്കുഴി സ്വാഗതം ആശംസിച്ചു. അബ്ബാ ഒറവഞ്ചിറ, എൽദോ കെ ജി, ദിനേശ് ആർ, സോമൻ കോമ്പനാൽ, രമേഷ് ചേവക്കുളം, ഹുസൈൻ കുട്ടി, ഡെന്നി തെങ്ങുംപള്ളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *