കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക പുരസ്കാരങ്ങൾ 321 പേർക്ക്; 40 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്, സ്കോളര്‍ഷിപ്പ്
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ കായികപുരസ്‌കാരങ്ങള്‍ ഇത്തവണ 321 പേര്‍ക്ക്. സര്‍വകലാശാലാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം പേര്‍ക്ക് കായിക പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. നവംബര്‍ 21-ന് കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷനില്‍ 40 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനം നേടിയവര്‍ക്ക് 10000, 9000, 5000 രൂപ വീതം നല്‍കും.
കൂടാതെ ഇന്‍സന്റീവ് സ്‌കോളര്‍ഷിപ്പുകളും സ്‌പോര്‍ട്‌സ് കിറ്റും വിതരണം ചെയ്യും. മികച്ച പ്രകടനം കാഴ്ചവെച്ച കോളേജുകള്‍ക്ക് 75000, 50000, 25000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. കഴിഞ്ഞ വര്‍ഷം 9 ഇനങ്ങളില്‍ അഖിലേന്ത്യാ ചാമ്പ്യന്‍മാരും 8 ഇനങ്ങളില്‍ റണ്ണറപ്പും 8 ഇനങ്ങളില്‍ മൂന്നാം സ്ഥാനവും നേടി ചരിത്രനേട്ടമാണ് സര്‍വകലാശാല കൈവരിച്ചത്. വിജയത്തിന് നേതൃത്വം നല്‍കിയ പരിശീലകര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ടീം മാനേജര്‍മാര്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകളും നല്‍കും. ചടങ്ങില്‍ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയാകും. രാജ്യസഭാ അംഗം പി.ടി. ഉഷയെ ചടങ്ങില്‍ ആദരിക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. കയിക രംഗത്തം പ്രമുഖരും സിണ്ടിക്കേറ്റ് അംഗങ്ങളും ചടങ്ങില്‍ സംബന്ധിക്കും.