സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം; പ്രതികളുടെ ലൈസന്‍സ് റദ്ദാക്കും
തിരുവനന്തപുരം നീറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുഞ്ചാലുമ്മൂട് സ്വദേശികളായ യുവാക്കളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികള്‍ ഒളിവിലാണ്.
ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നു ആരോപിച്ചായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ പ്രദീപിനെ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസില്‍ പരാതി നല്‍കി മൂന്നു ദിവസം പിന്നിട്ടിട്ടും കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് കരമന പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികള്‍ കുഞ്ചാലുമ്മൂട് സ്വദേശികളായ അഷ്‌ക്കര്‍, അനീഷ് എന്നിവരാണെന്നു തിരിച്ചറിഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഒളിവിലെന്നു പൊലീസ് സ്ഥിരീകരിച്ചു.പ്രതികള്‍ക്കായി ജില്ല മുഴുവന്‍ പൊലീസ് അന്വേഷണണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. നടുറോഡില്‍ വാഹനം നിര്‍ത്തി ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാണ് ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കുന്നത്. ഇതിനായി പൊലീസിനോട് മോട്ടോര്‍ വാഹന വകുപ്പ് പ്രതികളുടെ വിവരങ്ങള്‍ തേടി.