മധു വധക്കേസ്; കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം
അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം. സുനിൽ കുമാറിന് കാഴ്ചാക്കുറവില്ലെന്നാണ് പരിശോധനാ ഫലം വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും .
ഇന്നലെയാണ് മധു വധക്കേസിലെ 29ാം സാക്ഷി സുനിൽകുമാർ കൂറു മാറിയത്. മധുവിനെ മർദ്ദിക്കുന്നത് ഉൾപ്പെടെ കണ്ടിരുന്നു എന്നായിരുന്നു നേരത്തെ സുനിൽകുമാർ പൊലീസിന് മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇന്നലെ ഇത് മാറ്റി പറഞ്ഞു. തുടർന്ന് മധുവിനെ മർദ്ദിക്കുന്നത് സുനിൽകുമാർ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിയിൽ പ്രദർശിപ്പിച്ചു. അതോടെ തനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്ന് സുനിൽകുമാർ പറഞ്ഞു.
സുനില്‍ കുമാര്‍ കൂടി കൂറുമാറിയതോടെ മധു വധ കേസില്‍ കൂറുമാറിയവരുടെ എണ്ണം 15 ആയിരുന്നു. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളന്‍ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനില്‍ കുമാര്‍ പൊലീസിന് നല്‍കിയ മൊഴി. ഈ മൊഴിയാണ് സുനില്‍ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.
ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി ഇന്നലെ കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികള്‍ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവരാണ് മൊഴിയില്‍ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാര്‍. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്.