നിപ സംശയം, ആരോഗ്യ മന്ത്രി കോഴിക്കോട്ടേയ്ക്ക്, സ്ഥിതിഗതികൾ വിലയിരുത്തും
നിപ സംശയം ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോഴിക്കോട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ജില്ലയില്‍ വീണ്ടും നിപ ബാധയുണ്ടോയെന്ന സംശയം ഉയര്‍ത്തിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജില്ലയിലേക്ക് തിരിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഉന്നതല യോഗം ചേരും.
നിപ എന്നത് സംശയം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ചികിത്സയിലുള്ളവരുടെ ശ്രവ പരിശോധനയുടെ ഫലം ഇന്ന് ലഭിക്കും. അതിന് ശേഷമേ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത ഉണ്ടാവുകയുള്ളു.കുറ്റ്യാടിയിലും വടകരയിലുമുള്ളവരാണ് മരിച്ചത്.40 വയസുള്ള ഓരാളും 49 വയസുള്ള മറ്റൊരാളുമാണ് മരിച്ചത്.
രണ്ട് പേര്‍ക്കും ഒരേ രോഗ ലക്ഷണങ്ങള്‍ ആയിരുന്നു. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. വവ്വാലില്‍ നിന്ന് നിപ പകരുമെന്നതിനാല്‍ നിപ സംശയിക്കുന്ന പശ്ചാത്തലത്തില്‍ പക്ഷികള്‍ ഭക്ഷിച്ച പഴങ്ങള്‍ കഴിയ്ക്കരുതെന്ന് ഉള്‍പ്പെടെ നിര്‍ദേശമുണ്ട്.
പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സ ഒഴിവാക്കണം. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ പനി കേസും പ്രത്യേകം നിരീക്ഷണമെന്ന നിര്‍ദേശവും ആരോഗ്യവകുപ്പിന് മുന്നിലുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. പനിയ്‌ക്കൊപ്പം തലവേദന, ഛര്‍ദി എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശം.