Saturday, April 12, 2025
Kerala

കോടതിയില്‍ ഇന്നും മുദ്രാവാക്യം വിളികളുമായി ഗ്രോ വാസു; കേസ് കെട്ടിച്ചമച്ചതെന്ന് വാദം; കേസില്‍ വിധി നാളെ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി ഉപരോധിച്ചെന്ന പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസില്‍ വിധി നാളെ. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞു. ഇന്ന് ഗ്രോ വാസുവിന്റെ വാദം കേട്ട ശേഷമാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഗ്രോ വാസുവും സഹപ്രവര്‍ത്തകരും സംഘം ചേര്‍ന്നതിനും, മാര്‍ഗ്ഗ തടസം സൃഷ്ടിച്ചതിനും തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.

കോടതി മുന്നറിയിപ്പ് പാലിക്കാതെ മുദ്രാവാക്യം വിളികളോടെയാണ് ഇത്തവണയും ഗ്രോ വാസുവെത്തിയത്.സാക്ഷി മൊഴികള്‍ വായിച്ചു കേള്‍പ്പിച്ച ശേഷം ഗ്രോ വാസുവിന്റെ വാദം കേള്‍ക്കാനായിരുന്നു ഇന്നത്തെ വിചാരണ. പ്രതി ചെയ്ത കുറ്റങ്ങള്‍ക്ക് തെളിവും സാക്ഷികളും എവിടെയെന്ന ചോദ്യത്തിന് പ്രോസിക്യൂഷന് മറുപടി ഉണ്ടായില്ല. കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു ഗ്രോ വാസുവിന്റെ വാദം. മുദ്രാവാക്യം വിളിച്ചെന്ന് കോടതിയില്‍ സമ്മതിച്ച ഗ്രോ വാസു അതിനുള്ള ശിക്ഷ ഏറ്റു വാങ്ങാന്‍ തയ്യാറാണെന്നും കോടതിയെ അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍ സംഘം ചേര്‍ന്നതിന് ആശുപത്രി അധികൃതര്‍ പരാതി നല്‍കാത്തത് എന്ത് കൊണ്ടെന്നും, വഴി തടസ്സപ്പെടുത്തിയതിന് പരാതിക്കാര്‍ ഇല്ലാത്തത് എന്താണെന്നും വാസു കോടതിയില്‍ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് നീതി ലഭിച്ചില്ലെന്നും ഏറ്റുമുട്ടല്‍ കൊലയാണെങ്കില്‍ പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കാത്തത് എന്തായിരിക്കുമെന്നും ഗ്രോ വാസു കോടതിയില്‍ ആവര്‍ത്തിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയിലായിരുന്നു പ്രതിഷേധമെന്നും, അത് തന്റെ അവകാശമാണെന്നും ഗ്രോ വാസു കോടതിയെ അറിയിച്ചു. വാസുവിന്റെ വാദം കേട്ട കുന്നമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *