പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും
പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിനു ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപനം നടത്തും. ജയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കാനാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടര മുതൽ സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനവും ആരംഭിക്കും.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മുന്നിലെത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. വാർഡ് കമ്മിറ്റികൾ മുതൽ മണ്ഡലം കമ്മിറ്റി വരെ സജീവമാക്കാൻ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 17ന് നാമനിർദേശ പത്രിക സമർപ്പിക്കാനാണ് നിലവിലെ തീരുമാനം.
ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടെങ്കിലും യുഡിഎഫ് മണ്ഡല പര്യടനം ആരംഭിച്ചിട്ടില്ല. കെപിസിസി ഔദ്യോഗിക നിർദ്ദേശത്തിന് കാത്തിരിക്കുകയാണ് യുഡിഎഫ് ക്യാമ്പ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രണ്ടുദിവസമായി മണ്ഡലത്തിൽ സജീവമാണ്.
അതേസമയം, എൻഡിഎക്ക് അനുയോജ്യമായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഇതുവരെയും ആയിട്ടില്ല. ജില്ലാ നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്ന മൂന്നുപേരും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് വിവരം. ഇതോടെ സംസ്ഥാന നേതൃത്വം നിർദ്ദേശിക്കുന്ന ആളെ ആയിരിക്കും സ്ഥാനാർത്ഥിയാക്കുക. ഇന്നോ നാളെയോ പ്രഖ്യാപനം നടത്താനാണ് എൻഡിഎ ശ്രമിക്കുന്നത്.
പുതുപ്പള്ളിയിൽ വികസനം ചർച്ചയാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മത്സരം വ്യക്തികൾ തമ്മിൽ അല്ലെന്നും ജെയ്ക് സി തോമസ് ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. മത്സരത്തിന് ഇടതുമുന്നണി സജ്ജമാണ്. പുതുപ്പള്ളിയിൽ വികസന മുരടിപ്പ് ചർച്ചയാകും. തന്റെ വിശ്വാസമനുസരിച്ച് പുതുപ്പള്ളിയിലെ പുണ്യാളൻ വിശുദ്ധ ഗീവർഗീസ് മാത്രമാണെന്നും ജെയ്ക് സി തോമസ് വ്യക്തമാക്കി.
‘കഴിഞ്ഞ വർഷങ്ങളിൽ കണ്ട ഇടതുപക്ഷ മുന്നേറ്റം ഇത്തവണയും കാണാം. സിപിഐഎമ്മിന്റെ ഏത് പ്രവർത്തകനും മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്നയാളാണ്. കഴിഞ്ഞ 5 പതിറ്റാണ്ടിനിടയിൽ പുതുപ്പള്ളിയിലുണ്ടായ വികസന മുരടിപ്പ്, മറ്റ് മണ്ഡലങ്ങളിലെ വികസനം ഇതെല്ലാം ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും. എല്ലാ പ്രവർത്തകരും തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണ്. വെല്ലുവിളി സ്വഭാവത്തോടെ തന്നെ വികസനത്തെ കുറിച്ച് പറയാം. മത്സരം വ്യക്തികൾ തമ്മിലല്ല. എന്നാൽ വൈകാരികത കൊണ്ട് നേരിടാനാണ് യുഡിഎഫിന്റെ ശ്രമം. ആ വൈകാരികതയുടെ മറവിൽ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് യുഡിഎഫ് ശ്രമം’- ജെയ്ക് പറഞ്ഞു.