‘ഭാരത് ജോഡോ’ യാത്രയ്ക്ക് സെപ്റ്റംബർ 11ന് കേരളത്തിൽ സ്വീകരണം
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ‘ഭാരത് ജോഡോ’ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തെ പര്യടനശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കളിക്കാവിളയില്‍ വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ 7 വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്.
ഇതിന് മുന്നോടിയായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗം ചേർന്നു. എഐസിസി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാല്‍, എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ജോഡോ യാത്രയെ സംബന്ധിച്ച വിശദാംശങ്ങള്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി വിശദീകരിച്ചു.
പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21, 22ന് എറണാകുളം ജില്ലയിലും 23, 24, 25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 28, 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.
മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും. ഭാരത് ജോഡോ യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും. ജോഡോയാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കി.
കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും.