Tuesday, January 7, 2025
Kerala

പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍; 874 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്.

അതേസമയം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ചില ഫണ്ടുകൾ കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാരിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. യുജിസിയിൽ നിന്ന് കിട്ടാനുള്ള 750 കോടി അനുവദിക്കണമെന്നും പെൻഷൻ , ഹെൽത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. നികുതി വിഹിതത്തിൽ കേരളത്തോട് വിവേചനപരമായ നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കേരളത്തിന് 3.9 ശതമാനമായിരുന്നു കേന്ദ്രത്തിൽ നിന്ന് നികുതി വിഹിതം ലഭിച്ചത്. ഇതിപ്പോൾ 1.92 ശതമാനമായി കുറച്ചിരിക്കുകയാണ്. ജിഎസ്‌ടി നടപ്പിലാക്കുമ്പോൾ നൽകാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിർത്തിയതും കേരളത്തിന് തിരിച്ചടിയായി. ഒപ്പം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുകയും ചെയ്തത് അദ്ദേഹം വിമർശിച്ചു. കിഫ്ബിയും പെൻഷൻ പദ്ധതിയും എടുത്ത ലോണിന്റെ പേരിലുമാണ് കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറക്കുന്നത്. ഇതിലൂടെ 30000 കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിന് ഉണ്ടായി. നികുതി വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *