കൊവിഡ് വാക്‌സിനേഷൻ: കേരളത്തിന്റെ മാതൃക സ്വീകരിച്ചുകൂടേയെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി
കൊവിഡ് വാക്‌സിൻ വീടുകളിൽ എത്തിച്ച് നൽകുന്നതിന് തടസ്സമെന്താണെന്ന് കേന്ദ്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കാശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ട്. പിന്നെ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ തടസ്സമെന്താണെന്നും കോടതി ചോദിച്ചു. വാക്‌സിൻ വീടുകളിൽ എത്തിച്ച് നൽകേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു
കിടപ്പുരോഗികൾക്കും 75 വയസ്സിന് മുകളിലുള്ളവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വീടുകളിൽ വാക്‌സിനെത്തിച്ച് നൽകണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിൽ ഇത് എന്തുകൊണ്ട് സാധ്യമല്ലെന്ന് കോടതി ചോദിച്ചു.
കേരളത്തിന്റെ വാക്‌സിനേഷൻ പദ്ധതിയെ കുറിച്ച് കേന്ദ്രത്തിന് എന്താണ് പറയാനുള്ളത്. എന്തുകൊണ്ടാണ് ഇത്തരമൊരു മാതൃക പിന്തുടരാൻ മറ്റ് സംസ്ഥാനങ്ങളോട് പറയാത്തതെന്നും കോടതി ചോദിച്ചു.