പെങ്ങളുടെ കല്യാണത്തിനെന്ന് പറഞ്ഞാണ് 10 ലക്ഷം പെപ്പെ വാങ്ങിയത്; ആരോപണവുമായി നിർമാതാവ് അരവിന്ദ് കുറുപ്പ്
ജ്യൂഡ് ആന്റണിയും ആന്റണി വർഗീസും തമ്മിലെ തർക്കത്തിന് പിന്നാലെ നടൻ പെപ്പെയ്‌ക്കെതിരെ ആരോപണവുമായി നിർമാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ കുമാറും രംഗത്ത്. പെങ്ങളുടെ കല്യാണത്തിനെന്ന് പറഞ്ഞാണ് 10 ലക്ഷം പെപ്പെ വാങ്ങിയത്. അഡ്വാൻസായി രണ്ട് ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. 10 ലക്ഷം അഡ്വാൻസ് ആയി വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയായിരുന്നു. ഈ പടത്തിലേക്ക് പെപ്പെയുടെ പേര് നിർദ്ദേശിച്ചത് ജൂഡ് തന്നെയാണെന്നും അരവിന്ദ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ വീഡിയോയിലൂടെയാണ് ഇരുവരും ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്.
പ്രവീൺ കുമാറിന്റെയും അരവിന്ദ് കുറുപ്പിന്റെയും വിഡിയോയും ആന്റണിയുമായുള്ള കരാറിന്റെ പകർപ്പും ‘സത്യം അറിയാൻ താത്പര്യമുള്ളവർക്ക് വേണ്ടി മാത്രം’ എന്ന തലക്കെട്ടോടെ ജൂഡ് പങ്കുവെച്ചിട്ടുണ്ട്. പെപ്പെയെപ്പറ്റി നല്ല അഭിപ്രായമാണ് ജൂഡ് പറഞ്ഞത്. പെപ്പെ ആവശ്യപ്പെട്ടതനുസരിച്ചാണ് 10 ലക്ഷം രൂപ കൊടുക്കാൻ തീരുമാനിച്ചത്. അഡ്വാൻസ് കൊടുക്കുന്ന തീയതി 27 ജൂൺ 2019 ആണ്.
സിനിമ ജനുവരി 10ന് ആരംഭിക്കാമോയെന്ന് പെപ്പെയോട് ചോദിച്ചപ്പോൾ അജഗജാന്തരത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെയ്യാമെന്ന് സമ്മതിച്ചു. ഇത് ഡിസംബർ 10ന് നടക്കുന്ന സംഭവമാണ്. ഞങ്ങൾ ജനുവരി 10 എന്ന തീയതി മുന്നിൽക്കണ്ട് റൂം ബുക്കിങ്ങും ഭക്ഷണത്തിന്റെയും യാത്രയുടേയും കാര്യങ്ങളും റെഡിയാക്കി. എന്നാൽ ഡിസംബർ 23ന് ജൂഡ് പെപ്പെയെ വിളിച്ചപ്പോൾ ഈ സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് പറഞ്ഞു. സംവിധായകൻ ഡിസംബർ 29ന് പുള്ളിയെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചു. ഒന്നും നടക്കില്ലെന്ന് വ്യക്തമായതോടെ അഡ്വാൻസായി കൊടുത്ത 10 ലക്ഷവും ചെലവായതിന്റെ അഞ്ച് ശതമാനവും തിരികെ ചോദിച്ചു.
എന്നാൽ ചെലവായ പെെസ തരില്ലെന്നാണ് ആന്റണി അറിയിച്ചത്. അത് നമ്മൾ സമ്മതിക്കുകയായിരുന്നു. ആറ് മാസം കഴിഞ്ഞ് 2020 ജനുവരി 27-നാണ് ആന്റണി 10 ലക്ഷം തിരികെ ഏൽപ്പിച്ചത്. ഈ പ്രശ്നത്തിലേയ്ക്ക് ആന്റണിയുടെ കുടുംബത്തെ വലിച്ചിടുന്നത് വിഷമമുള്ള കാര്യമാണ്. ആന്റണിയുടെ കുടുംബത്തിന് വിഷമമായി എന്നറിഞ്ഞതിൽ തങ്ങൾക്കും സങ്കടമുണ്ടെന്നും അവർ പറഞ്ഞു.
ആന്റണി വര്‍ഗീസ് 10 ലക്ഷം വാങ്ങി സിനിമയില്‍ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്നായിരുന്നു ജൂഡ് ആന്റണിയുടെ ആരോപണം. എന്നാല്‍ വാങ്ങിയ പണം പെങ്ങളുടെ കല്യാണത്തിന് മുന്‍പ് തന്നെ തിരികെ നല്‍കിയെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ കാണിച്ച് ആന്റണി പെപ്പെ വിശദീകരിക്കുകയായിരുന്നു. ആന്റണിയുടെ മാതാവ് ജൂഡിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിട്ടുമുണ്ട്.