പി ജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിൻവലിച്ചു, എമർജൻസി ഡ്യൂട്ടി ചെയ്യും; ഒ പി ബഹിഷ്കരണം തുടരും
തിരുവനന്തപുരം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ടര്‍മാര്‍ ഭാഗികമായി പിൻവലിച്ചു. എമർജൻസി ഡ്യൂട്ടി ചെയ്യാൻ തീരുമാനമായി. ഒ പി ബഹിഷ്കരണം തുടരും. ഇക്കാര്യത്തിൽ കമ്മറ്റി കൂടി തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രിയിൽ നിന്നും ഉറപ്പ് കിട്ടിയതായി പിജി ഡോക്ടര്‍മാര്‍ അറിയിച്ചു. മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളിൽ മാത്രമേ ഹൗസ് സർജൻമാരെ നിയമിക്കൂ എന്ന ഉറപ്പും ലഭിച്ചു. ഈ സാഹചര്യത്തിലാണ് സമരം ഭാഗീകമായി പിൻവലിക്കാൻ തീരുമാനിച്ചത്. അതേ സമയം, ഹൗസ് സര്‍ജന്മാർ സമരം പിൻവലിക്കുന്നതിൽ തീരുമാനമായില്ലെന്നും പിജി ഡോക്ടര്‍മാര്‍ അറിയിച്ചു. കൊട്ടാരക്കര ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.