18-45 പ്രായക്കാരിൽ മറ്റ് രോഗങ്ങൾ ഉള്ളവർക്ക് വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകും: മുഖ്യമന്ത്രി
18-45 വയസ്സിന് ഇടയിൽ പ്രായമുള്ളവരിൽ മറ്റ് രോഗമുള്ളവർക്ക് ഉടൻ വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മുൻഗണനാ വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിൻ നൽകുന്നത് തീരുമാനിക്കും.
കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയുടെ ആദ്യ ബാച്ച് കേരളത്തിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റയടിക്ക് എല്ലാവർക്കും വാക്‌സിൻ നൽകുകയെന്നത് വെല്ലുവിളിയാണ്. എല്ലാവർക്കും വാക്‌സിൻ നൽകുകയെന്നതാണ് സർക്കാർ നയം. എന്നാൽ ഈ ഘട്ടത്തിൽ എല്ലാവർക്കും വാക്‌സിൻ നൽകാൻ മാത്രം ലഭ്യമല്ല.
45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ 45 വയസ്സിന് മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ട് ഡോസ് വീതം നൽകാൻ 2.26 കോടി ഡോസ് വാക്‌സിൻ ലഭിക്കണം. അർഹമായ വാക്‌സിൻ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.