കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് പുറത്തുചാടിയ കൊലക്കേസ് പ്രതിയെ കണ്ടെത്തി
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കടന്ന കൊലപാതക കേസ് പ്രതിയെ കണ്ടെത്തി. മലപ്പുറം വേങ്ങരയില്‍ നിന്നാണ് ബീഹാര്‍ സ്വദേശി പൂനം ദേവിയെ കണ്ടെത്തിയത്. രാവിലെ 7.30ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസില്‍ ഇവര്‍ കയറി വേങ്ങരയിലേക്ക് പോകുകയായിരുന്നു. വേങ്ങരയില്‍ ബസ് ഇറങ്ങിയയുടന്‍ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.
മലപ്പുറം വേങ്ങരയില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശി പൂനം ദേവിയാണ് രാത്രി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടന്നത്. ഫോറെന്‍സിക് വാര്‍ഡിലെ ശുചി മുറിയുടെ വെന്റിലേറ്ററിന്റെ ഗ്രില്‍ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കിയാണ് പൂനം ദേവി കടന്നു കളഞ്ഞത്.
12.30ഓടെയാണ് കൊലക്കേസ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടന്നത്. ഫോറന്‍സിക് വാര്‍ഡ് അഞ്ചാം നമ്പരിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ മാസം 31നാണ് കാമുകനുമായി ചേര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
പൂനം ദേവിയെ കിടത്തി ചികിത്സിക്കേണ്ടതുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ഇവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. 3.30ന് ശേഷമാണ് ഇവര്‍ കുതിരവട്ടത്തെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ വെന്റിലേറ്റര്‍ വഴി പുറത്തുകടക്കുകയായിരുന്നു.