കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വീണ് റിട്ട. നാവികസേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ചാവക്കാട് മണത്തലയിൽ കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വയോധികൻ മരിച്ചു. മണത്തല സ്വദേശി ടി.വി. ഉസ്മാൻ (84 ) ആണ് മരിച്ചത്. ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഉസ്മാൻ. തിരക്കിനിടയിൽ കടയുടെ ചില്ല് വാതിൽ കണ്ടില്ല. നടക്കുന്നതിനിടെ ചില്ല് വാതിലിൽ തലയിടിച്ച് വീണ് തലയുടെ പിന്നിൽ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
അപകടം നടന്ന് അല്പസമയത്തിനകം തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാൻ. ചില്ല് വാതിലിൽ തലയിടിച്ച് സ്റ്റെപ്പിൽ നിന്ന് താഴേയ്ക്ക് ഒരു കാറിന് സമീപത്തേക്കാണ് അദ്ദേഹം വീണത്.
തലയുടെ പിൻഭാഗത്തുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. പല കടകളിലെയും ചില്ല് വാതിലുകൾ ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത അനുഭവങ്ങൾ മുൻപും നിരവധിയായി ഉണ്ടായിട്ടുണ്ട്. ചില്ല് വാതിലിൽ തലയിടിച്ച് വീണതോടെ ഉസ്മാൻ ബോധരഹിതനായിരുന്നു.