‘പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്; തെരഞ്ഞെടുപ്പിന് ശേഷം രാമക്ഷേത്രത്തിൽ പോകും’; ശശി തരൂർ
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പുരോഹിതരല്ല പ്രധാന മന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നതെന്നും അതിൽ രാഷ്ട്രിയ അർത്ഥം കാണണമെന്നും അദ്ദേഹം പറഞ്ഞു. താൻ ഉൾപ്പെടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയം കളിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകും ശശി തരൂർ വ്യക്തമാക്കി. ഈ അവസരത്തിൽ അല്ല പോകേണ്ടതെന്നും ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ ചടങ്ങ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനമെന്നും ശശി തരൂർ പറഞ്ഞു.
ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ലെന്നും കോൺഗ്രസിനുള്ളിൽ ഹിന്ദുവിശ്വാസികൾ ഉണ്ട് കോൺഗ്രസിനുള്ളിൽ ഹിന്ദുവിശ്വാസികൾ ഉണ്ടെന്നും ശശി തരൂർ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിനെക്കുറിച്ചും ശശി തരൂർ പറഞ്ഞു. രാഹുൽ ഗാന്ധിയ്ക്ക് എവിടെയും മത്സരിക്കാമെന്നും വയനാട്ടിൽ വീണ്ടും മത്സരിച്ചാൽ ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ തമിഴ്നാട്ടിലും കർണാടകയിലും ഗുണം ചെയ്തെന്ന് ശശി തരൂർ വ്യക്തമാക്കി. അതേസമയം മുസ്ലിം ലീഗ് മൂന്നാം സീറ്റിന് അർഹതയുണ്ടോ എന്ന ചോദ്യത്തിന് നിലവിൽ അഭിപ്രായമില്ല എന്നായിരുന്നു മറുപടി. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്തിട്ടില്ല. ഇതിനായി അഞ്ചുപേരുടെ സമിതിയ്ക്ക് രൂപം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.