Thursday, January 9, 2025
Kerala

മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് സുരക്ഷ ശക്തമാക്കി

മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തീർത്ഥാടകരെ നിയന്ത്രിക്കാൻ 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാർക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോർഡ് നിയോഗിച്ചു. മകരജ്യോതി ദർശിക്കാൻ എത്തിയവർ സന്നിധാനത്ത് ടെന്റുകൾ കെട്ടി താമസം തുടങ്ങി. സന്നിധാനത്ത് തുടരുന്നവരെ നിർബന്ധപൂർവ്വം തിരിച്ചയയ്‌ക്കേണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അതേസമയം, കഴിഞ്ഞ ദിവസം ദർശനത്തിന് എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്.

ഭക്തിക്കൊപ്പം സൗഹൃദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോൾ പേട്ടശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ തുടങ്ങും.

ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി മസ്ജിദിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ സ്വീകരിക്കും. രണ്ടുമണിയോടെ പേട്ടതുള്ളൽ സമാപിക്കും. മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ടശാസ്താ ക്ഷേത്രത്തിൽനിന്ന് തുടങ്ങും. യോഗം പെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാർ ആലങ്ങാട് സംഘത്തെ നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *