സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിന്; നികുതി വഴി ഖജനാവിലെത്തിയത് 4,432 കോടി രൂപ !
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണ നികുതി വഴി സർക്കാർ ഖജനാവിലെത്തിയത് 4,432 കോടി രൂപയാണ്. 2021-22 ൽ 1,121 കോടിയായിരുന്നു നികുതി വരുമാനം
സ്വർണ്ണ വിലയിൽ ഉണ്ടായ വർധനവാണ് സർക്കാരിന്റെ നികുതി വരുമാനവും വർധിപ്പിച്ചത്. 2017-18 ൽ 614 കോടി രൂപയായിരുന്നു നികുതി ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത്. എന്നാൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി ലഭിച്ചത് 1121 കോടി രൂപയാണ്. 2019 ൽ ഇത് 852 കോടിയും 2020 ൽ 871 കോടിയും 2021 ൽ 973 കോടിയുമായിരുന്നു.
ജി.എസ്.ടി നിലവിൽ വന്നതോടെ മൂന്നു ശതമാനമാണ് സ്വർണ്ണത്തിന് നികുതിയായി ലഭിക്കുന്നത്. രജിസ്റ്റേഡ് വ്യാപാരികളുടെ വിറ്റുവരവിനെ അടിസ്ഥാനമാക്കിയാണ് സർക്കാരിലേക്ക് നികുതി പണം എത്തുന്നത്. അതേസമയം, ബില്ലുകൾ നൽകാതെ നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളും സജീവമായി തന്നെ രംഗത്തുണ്ട്.