‘കോടതി അംഗീകരിച്ച സിബിഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നത് വിചിത്രവാദം’; മുഖ്യമന്ത്രിയ്‌ക്കെതിരെ വി ഡി സതീശന്‍
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച വാദങ്ങള്‍ വിചിത്രമാണെന്ന് തിരിച്ചടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതി അംഗീകരിച്ച സിബിഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ആ വാദം വിചിത്രമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ക്കും ലൈംഗിക ആരോപണങ്ങള്‍ക്കും തെളിവുകള്‍ കണ്ടെത്താന്‍ കേരള പൊലീസിന് കഴിഞ്ഞില്ല. എന്നിട്ടും അരിശം തീരാതെ സിബിഐയ്ക്ക് കേസ് വിട്ടു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുക തന്നെയായിരുന്നു ഉദ്ദേശമെന്നും വി ഡി സതീശന്‍ ആരോപിച്ചു.
അധികാരത്തില്‍ നിന്ന് അവതാരങ്ങളെ മാറ്റി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അദ്ദേഹം തന്നെ അവതാരമെന്ന് പറഞ്ഞ ദല്ലാള്‍ നന്ദകുമാറിനെ ഇടനിലക്കാരനാക്കിയെന്ന് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. 50 ലക്ഷം രൂപ കൊടുത്ത് പരാതിക്കാരിയുടെ കത്ത് വാങ്ങിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 50 ലക്ഷം കൊടുത്തത് സിപിഐഎമ്മാണ്. പല പ്രാവശ്യം പണം കൊടുത്ത് കൂടുതല്‍ പേരുകള്‍ ചേര്‍ത്തെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഗണേഷ് കുമാറിന്റെ പി എ ആണ് ആദ്യം ജയിലില്‍ പോയി കത്ത് വാങ്ങിയത്. എന്നിട്ട് അത് ബാലകൃഷ്ണപിള്ളയുടെ കൈയില്‍ കൊടുത്തു. പണം കൊടുത്ത് വ്യാജ റിപ്പോര്‍ട്ടുണ്ടാക്കി അതിന്മേല്‍ അന്വേഷണം നടത്തുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സോളാര്‍ പീഡനത്തിലെ അതിജീവിതയെക്കാണാന്‍ ദല്ലാള്‍ നന്ദകുമാറിനെ ഇടനിലക്കാലനാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി ഇന്ന് സഭയില്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു. സോളാര്‍ കേസില്‍ രാഷ്ട്രീയ താത്പര്യത്തോടെ ഇടപെട്ടിട്ടില്ല. പരാതിക്കാരിയില്‍ നിന്ന് നേരിട്ട് പരാതി എഴുതി വാങ്ങിച്ചിട്ടില്ലെന്നും കിട്ടിയ പരാതിയില്‍ നിയമനടപടി സ്വീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനെ പ്രതിപക്ഷത്തിനാണ് കൂടുതല്‍ പരിചയമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ദല്ലാള്‍ മറ്റ് പലയിടത്തും പോകുന്നുണ്ടാകും. പക്ഷേ ദല്ലാളിന് തന്റെയടുത്ത് വരാന്‍ കഴിയില്ല. ദല്ലാളിനെ മുറിയില്‍ നിന്ന് ഇറക്കിവിട്ടയാളാണ് ഞാന്‍. സതീശനല്ല വിജയനെന്നും മുഖ്യമന്ത്രി ആഞ്ഞടിക്കുകയായിരുന്നു.