Thursday, January 9, 2025
Kerala

‘ഓണക്കിറ്റ് വിതരണം പരാജയം; സപ്ലൈകോയെ ദയാവധത്തിന് വിട്ടു’; വിഡി സതീശന്‍

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഎസ്ആര്‍ടിസിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സാധരണക്കാരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്ന് സതീശന്‍ പറഞ്ഞു.

കേരളത്തിലെ വിലക്കയറ്റം അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രിയാണെന്നും ഓണത്തെ സര്‍ക്കാര്‍ സങ്കടകരമാക്കി മാറ്റിയെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതു പിന്നീട് ആറു ലക്ഷമാക്കി ചുരുക്കി. അതില്‍ തന്നെ പത്തു ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സപ്ലൈകോ 750 കോടി ചോദിച്ചപ്പോള്‍ 70 കോടി മാത്രമാണ് നല്‍കിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് പ്രസംഗിച്ചത്. ദന്തഗോപുരത്തില്‍നിന്നും താഴെയിറങ്ങി വന്നാല്‍ മാത്രമേ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തു വിറ്റാലും ഓണം ഉണ്ണാനാകാത്ത സ്ഥിതിയാണ്.

ഇരുമ്പ് കൂടം കൊണ്ട് സാധാരണക്കാരന്റെ തലയ്ക്കടിച്ച സര്‍ക്കാരാണിത്. ആറു ലക്ഷം പേര്‍ക്ക് പോലും കിറ്റ് നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനെ കുറിച്ച് എന്ത് പറയാനാണെന്നും ധനകാര്യമന്ത്രിക്ക് ഒന്നും അറിയില്ല, അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *