ലഹരിയ്ക്ക് അടിമയായ യുവാവ് വീട്ടിലേക്ക് ഓടിക്കയറി യുവതിയെ വെട്ടി; സംഭവം ഇടുക്കിയില്‍
ഇടുക്കി നെടുങ്കണ്ടത്ത് ലഹരിക്ക് അടിമയായ യുവാവിന്റെ ആക്രമണം. യുവതിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. പാമ്പാടുംപാറ സ്വദേശി വിജിത്ത് ആണ് അക്രമം നടത്തിയത്. പരുക്കേറ്റ മുണ്ടിയെരുമ സ്വദേശി ഗീതുവിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. യുവതി മാത്രമുള്ള വീടിന്റെ വാതില്‍ ചവിട്ടി തുറന്നാണ് വിജിത്ത് അക്രമം നടത്തിയത്. യുവതിയെ വിജിത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തതോടെ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടി. കഴുത്തിന് നേരെയാണ് കത്തി വീശിയത്. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഗീതുവിന്റെ കൈവിരലുകള്‍ക്ക് വെട്ടേറ്റു. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിനു പുറത്തേക്ക് യുവതി ഇറങ്ങിയോടി. വിജിത്തും പിന്തുടര്‍ന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി.
പരുക്കേറ്റ ഗീതുവിനെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലഹരിക്കടിമയാണ് പ്രതിയെന്നാണ് പോലീസിന്റെ നിഗമനം. സമാനമായ രീതിയില്‍ മുമ്പും അക്രമണം നടത്തിയിട്ടുള്ള ആളാണ് വിജിത്.