Sunday, April 13, 2025
Kerala

‘പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവം സമർപ്പിച്ചവയാണ്, സാമ്പത്തിക ലാഭമുണ്ടാക്കാൻ ചിലർ വട്ടമിട്ട് പറക്കുന്നു’; കുമ്മനം രാജശേഖരൻ

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലെ സ്വത്ത് മുഴുവൻ മ്യുസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് എംഎൽഎആയ എ പി അനിൽ കുമാറിന്റെയും അഭിപ്രായങ്ങൾ ക്ഷേത്രത്തെ വാണിജ്യവൽക്കരിക്കാനുള്ള കച്ചവട മനസിനെയാണ് വെളിപ്പെടുത്തുന്നത്.

പദ്മനാഭസ്വാമി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവ്വം സമർപ്പിച്ചവയാണ്. അവയിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുകയാണ്. ക്ഷേത്രഭരണം സർക്കാരിന് വിട്ടുകിട്ടാൻ മുൻപ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെപോയതിൽ നിരാശരായവർ കലവറയിലെ കരുതൽ ശേഖരത്തിൽ ഉന്നം വെച്ച് കരുനീക്കങ്ങൾ നടത്തുകയാണെന്നും കുമ്മനം ആരോപിച്ചു.

ക്ഷേത്രത്തിന് സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്തുവാനും നിതാന്ത ജാഗ്രതയോടെ ക്ഷേത്ര സ്വത്തുക്കൾ പരിരക്ഷിക്കുവാനും അടിയന്തിര നടപടികൾ സ്വീകരിക്കണം. ക്ഷേത്രത്തിന്റെ ആകാശഭാഗം വ്യോമയാന നിരോധിത മേഖലയാക്കണമെന്നും ആവശ്യപ്പെടുന്നുവെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *