നെഹ്‌റു ട്രോഫി വള്ളംകളി തത്സമയം; നാളെ രാവിലെ 7 മുതല്‍ 24ല്‍; അറിയാം വള്ളംകളിയുടെ ചരിത്രം
ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് നെഹ്‌റു ട്രോഫി വള്ളംകളിക്കായി ജനലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 69-ാം മത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ശനിയാഴ്ച കൊടിയേറുമ്പോള്‍ 9 വിഭാഗങ്ങളിലായി 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
മാസ് ഡ്രില്‍ ഫ്‌ളാഗ് ഓഫിന് പിന്നാലെ 19 ചുണ്ടന്‍ വള്ളങ്ങള്‍ 5 ഹീറ്റ്‌സുകളായി മാറ്റുരയ്ക്കും. ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. ചുണ്ടന്‍ വള്ളസമിതികള്‍ മാലിപ്പുരകളില്‍ കളിവള്ളങ്ങളുടെ അവസാനം മിനുക്ക് പണികളും പൂര്‍ത്തിയാക്കി നാളേക്കായി കാത്തിരിക്കുകയാണ്. നാളെ രാവിലെ ഏഴ് മണി മുതല്‍ വള്ളംകളി തത്സമയം ട്വന്റിഫോറില്‍ പ്രേക്ഷകര്‍ക്ക് കാണാം.
നെഹ്‌റു ട്രോഫി വള്ളം കളി; ചരിത്രം
നെഹ്‌റു ട്രോഫി തുടര്‍ച്ചയായ മൂന്ന് തവണ സ്വന്തമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നിലവിലെ ചാമ്പ്യന്മാര്‍. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ വള്ളത്തിലാണ് പള്ളാത്തുരുത്തി കഴിഞ്ഞ വര്‍ഷം കിരീടം ചൂടിയത്. 15 ട്രോഫികള്‍ നേടിയ കാരിച്ചാല്‍ ചുണ്ടനാണ് ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍ഷിപ്പ് നേടിയത്.
1952ല്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത വള്ളം കളിയില്‍ കാവാലം ചുണ്ടനായിരുന്നു വിജയ്. അതായിരുന്നു ആദ്യത്തെ നെഹ്‌റു ട്രോഫി ജയം. ആലപ്പുഴയിലെ വള്ളംകളി കണ്ട അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റു സമ്മാനിച്ച ട്രോഫിയില്‍ നിന്നാണ് നെഹ്‌റു ട്രോഫി വള്ളംകളിയെന്ന പേര് കിട്ടിയത്.
CBL
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ആഗോളതലത്തില്‍ കേരള ടൂറിസം പ്രമോട്ട് ചെയ്യുന്നതിന്റെയും ഭാഗമായി 2019ലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ്(CBL)ആരംഭിച്ചത്. മുന്‍വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിലെ മികച്ച 9 ടീമുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 12 വേദികളിലായാണ് സിബിഎല്‍ നടക്കുന്നത്.
ചുണ്ടന്‍വള്ളത്തിന്റെ കഥ:
ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിക്ക് 400 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രമുണ്ട്. പണ്ട് കാലത്ത്, യുദ്ധസമയത്ത് ആയുധങ്ങള്‍ കൊണ്ടുപോകാനും രാജാക്കന്മാര്‍ക്ക് യാത്ര ചെയ്യാനുമാണ് പാമ്പ് ബോട്ടുകള്‍ എന്നറിയപ്പെട്ടിരുന്ന വള്ളങ്ങള്‍ ഉപയോഗിച്ചതെന്നാണ് പഴമക്കാര്‍ പറയുന്ന കഥ. ചെമ്പകശേരിയിലെയും കായംകുളത്തെയും രാജാക്കന്മാര്‍ തമ്മിലുണ്ടായ ഭിന്നതയാണ് ഇന്നത്തെ ചുണ്ടന്‍ വള്ളം പിറന്നതിന് പിന്നിലെ കഥയായി മാറിയത്. ഒരിക്കല്‍ ചെമ്പകശേരിയിലെ ദേവനാരായണന്‍ എന്ന രാജാവ് രാജ്യത്തിനായി ഒരു പ്രത്യേക യുദ്ധതന്ത്രത്തിന്റെ ആവശ്യകത വേണമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിവിധ ആശാരിമാരെ കൊണ്ടുവന്ന് പല തരത്തിലുള്ള മരയുത്പ്പന്നങ്ങള്‍ നിര്‍മിച്ചു. അതില്‍ നിന്ന് കൊടുപ്പുന്ന നാരായണന്‍ എന്ന ആശാരി നിര്‍മിച്ച മരയുത്പ്പന്നം രാജാവ് തെരഞ്ഞെടുത്തു.
എന്നാല്‍ ചെമ്പകശേരിക്ക് വേണ്ടി നാരായണനാശാരി ഉണ്ടാക്കുന്ന കരകൗശല വസ്തുക്കളില്‍ കായംകുളം രാജാവിന് അസൂയ തോന്നിത്തുടങ്ങി. ഒടുവില്‍ കായംകുളം രാജാവിന്റെ ആളുകള്‍ ആശാരിയെ തട്ടിക്കൊണ്ടുപോയി. അങ്ങനെ ഈ രാജാവിനുവേണ്ടിയും സമാനമായ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആശാരി നിര്‍ബന്ധിതനായി. ഇങ്ങനെ നിര്‍മിച്ച വള്ളങ്ങള്‍ കണ്ട് കലി പൂണ്ട ചെമ്പകശേരി രാജാവ് ആശാരിയുടെ തലവെട്ടാന്‍ ഉത്തരവിട്ടു. എന്നാല്‍ താന്‍ നിര്‍മിച്ച വള്ളം യുദ്ധത്തില്‍ ഉപയോഗിച്ച് നോക്കിയ ശേഷം മാത്രം തന്നെ വധിക്കാന്‍ ആശാരി രാജാവിനോട് അപേക്ഷിച്ചു. അങ്ങനെയൊരിക്കെ യുദ്ധമെത്തിയപ്പോഴാണ് ചെമ്പകശേരി രാജാവ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. ചെമ്പകശേരിക്ക് വേണ്ടി ഉണ്ടാക്കിയ വള്ളങ്ങളില്‍ നിന്ന് ആയുധം തൊടുത്തുവിട്ടപ്പോള്‍ വള്ളം അല്‍പം മുന്നോട്ടുനീങ്ങി. എന്നാല്‍ കായംകുളം ബോട്ടില്‍ നിന്ന് ആയുധം തൊടുത്തുവിട്ടപ്പോള്‍ അവരുടെ ബോട്ട് പിന്നിലേക്കാണ് നീങ്ങുന്നത്!
തച്ചന്റെ ഈ കരവിരുത് കണ്ടുപിടിച്ച രാജാവ്, ആശാരിയെ സ്വതന്ത്രനാക്കി സ്വന്തം പേരും കൂടി സമ്മാനിച്ചു. അങ്ങനെ നാരായണന്‍ ആശാരി ദേവനാരായണന്‍ ആശാരിയായി. കരകൗശലത്തില്‍ അതിസമര്‍ത്ഥനായ ദേവനാരായണന്‍ ആശാരി താന്‍ നിര്‍മിച്ച വള്ളത്തെ ചുണ്ടന്‍വള്ളമാക്കി മാറ്റി. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചുണ്ടന്‍ വള്ളം വള്ളംകളിയിലേക്ക് ഇറങ്ങിയത്. ഒരു കാലത്ത് ക്ഷേത്രോത്സവങ്ങളുടെ മാത്രം ഭാഗമായിരുന്ന ചുണ്ടന്‍ വള്ളങ്ങള്‍ പിന്നീട് മത്സരയോട്ടമായി പരിണമിക്കുകയായിരുന്നു.