Wednesday, January 8, 2025
Kerala

സൂര്യ പ്രിയയുടെ കൊലപാതകം; സുജീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

പാലക്കാട് മേലാർകോട്ടെ കൊലപാതകക്കേസിലെ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചീക്കോട് സ്വദേശി സുജീഷുമായി കൊലപാതകം നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തുക.

ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊന്നല്ലൂർ സ്വദേശി സൂര്യ പ്രിയയെ സുജീഷ് തോർത്ത് മുണ്ട് കൊണ്ട് കഴുത്ത് ന്തെരിച്ച് കൊന്നത്. ശേഷം പ്രതി തന്നെ ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയും സുജീഷും തമ്മിൽ ഏതാണ്ട് ആറ് വർഷമായി പരിചയമുണ്ട്. മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയായിരുന്നു കൊല ചെയ്യപ്പെട്ട സൂര്യപ്രിയ.

വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ഫോണും എടുത്തുകൊണ്ടാണ് പ്രതി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത്. ഇവർ തമ്മിൽ എന്ത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോവുകയുള്ളൂ എന്നാണ് അറിയുന്നത്. എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു സൂര്യപ്രിയയെന്ന് നാട്ടുകാർ പറയുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *