ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു
ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂർത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമാണ് സൂര്യപ്രിയ. ഇന്ന് 11.30നാണ് സംഭവം. സൂര്യപ്രിയയും സുജീഷും തമ്മിൽ ഏതാണ്ട് ആറ് വർഷമായി പരിചയമുണ്ട്. മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗംകൂടിയായിരുന്നു കൊല ചെയ്യപ്പെട്ട സൂര്യപ്രിയ.
വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന മുത്തച്ഛൻ ഇയാളെത്തുന്നതിന് തൊട്ടുമുമ്പ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ഫോണും എടുത്തുകൊണ്ടാണ് പ്രതി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത്. ഇവർ തമ്മിൽ എന്ത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോവുകയുള്ളൂ എന്നാണ് അറിയുന്നത്. എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു സൂര്യപ്രിയയെന്ന് നാട്ടുകാർ പറയുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.