“അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിന് വേണ്ടി മരണം വരെ ഞാൻ നിലകൊള്ളും”; കെ സുധാകരൻ
മാധ്യമ വേട്ടയ്ക്കെതിരെയുള്ള നിലപാടുകളുടെ പേരിൽ നവമാധ്യമങ്ങളിൽ കോൺഗ്രസിനെതിരായ വിമർശനങ്ങളിലടക്കം പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.‘നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാൻ യോജിക്കുന്നില്ല, പക്ഷേ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരണം വരെ ഞാൻ നിലകൊള്ളും’ എന്ന പ്രശസ്തമായ ചിന്താശകലം പറഞ്ഞുകൊണ്ടായിരുന്നു സുധാകരന്റെ പ്രതികരണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.
മാധ്യമങ്ങൾ എപ്പോഴും ജനങ്ങളുടെ ശബ്ദമാണ്. അവർക്ക് തെറ്റ് സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കുവാനും നിയമ നടപടികൾ എടുക്കുവാനും ഇവിടെയൊരു സംവിധാനമുണ്ട്. ഏതെങ്കിലും മാധ്യമങ്ങൾ വർഗ്ഗീയ പ്രചാരണങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയാൽ അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം എന്നതാണ് കോൺഗ്രസിന്റെ നിലപാടെന്നും സുധാകരൻ കുറിപ്പിൽ പറഞ്ഞു.