ഹൈബി ഈഡന്റേത് വ്യക്തിപരമായ അഭിപ്രായം, പാർട്ടിക്ക് അങ്ങനൊരു നിലപാടില്ല; കെ.സുധാകരൻ
തലസ്ഥാനം മാറ്റണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എറണാകുളം എം പി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ഹൈബിക്ക് അപകാശമുണ്ട്. അഭിപ്രായം പറയാൻ പാടില്ല എന്ന നിലപാട് പാർട്ടിക്കില്ല. കോൺഗ്രസിനകത്ത് ഈ വിഷയം ഹൈബി ഉന്നയിച്ചിട്ടില്ല. ഇതിനകത്ത് പൊതുവായ അഭിപ്രായമുണ്ട്. അത് അംഗീകരിച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. അതിലൊന്നും കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏക സിവിൽ കോഡിൽ ലീഗുമായി ചേരാൻ സി പി ഐഎമ്മിനാകില്ലെന്ന് സുധാകരൻ പറഞ്ഞു. എം വി ഗോവിന്ദന്റെ തലയ്ക്ക് അസുഖമുണ്ടോയെന്ന് ചോദിച്ച സുധാകരൻ, എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദൻ മുസ്ലിം ലീഗിന്റെ കാര്യം പറയുന്നതെന്നും ചോദിച്ചു. മുസ്ലിം ലീഗും സിപിഐഎമ്മും തമ്മിൽ എവിടെയെങ്കിലും എന്തെങ്കിലും ബന്ധമുണ്ടോ? എംവി ഗോവിന്ദൻ മറുപടി അർഹിക്കുന്നില്ല. ഏക സിവിൽ കോഡിൽ എ ഐ സി സി നിലപാട് കാത്തിരിക്കുകയാണ് തങ്ങൾ എല്ലാവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ഹൈബി ഈഡന് പിന്തുണയുമായി യൂത്ത് ലീഗ് രംഗത്തുവന്നു. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നതായി യൂത്ത്‌ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടിപി ഷറഫലി 24നോട് പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ ആവശ്യം ശരിയാണ്. ചർച്ച നടക്കേണ്ടുന്ന വിഷയമാണ് ഹൈബി ഉന്നയിച്ചത്. വരുന്ന ലോക്സഭാ സമ്മേളനത്തിൽ ഉൾപ്പെടെ വിഷയം ചർച്ച ചെയ്യണം. തിരുവനന്തപുരം തലസ്ഥാനമായത് സ്വാഭാവികമായ തുടർച്ചയുടെ ഭാഗമായാണ്. വികസനം, ജനങ്ങൾക്ക് എത്തിച്ചേരാനുള്ള സൗകര്യം എന്നിവ പരിഗണിച്ചാൽ എറണാകുളം ആണ് തലസ്ഥാനം ആകാൻ നല്ലത്. ഹൈബി പറഞ്ഞതിനെ, കേരളം വിഭജിക്കണം എന്ന അർത്ഥത്തിൽ കണ്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെ പ്രതികരിക്കുന്നത്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഹൈബിയെ ചിലർ വ്യക്തിഹത്യ നടത്തുന്നു.
ഇത് രാഷ്ട്രീയക്കാർക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.