‘സത്യം വിളിച്ചു പറയുന്നതാണോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റ്?’ ആനി രാജയ്‌ക്കെതിരായ നടപടിയിൽ ജോൺ ബ്രിട്ടാസ്
മണിപ്പൂർ വംശീയമായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി . വംശീയതയ്‌ക്കൊപ്പം വർഗീയതയും ചാലിച്ചുകൊണ്ടുള്ള ആക്രമണമാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് അരങ്ങേറുന്നത്. സത്യം വിളിച്ചു പറയുന്നതാണോ അതോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റെന്നും അദ്ദേഹം ചോദിച്ചു. സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എംപി.
‘മണിപ്പൂരിന്റെ യാഥാർത്ഥ്യം നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. ക്രിസ്ത്യൻ പള്ളികൾ തകർക്കുന്നതിലൂടെ വംശീയതയ്‌ക്കൊപ്പം വർഗീയതയും ചാലിച്ചുകൊണ്ടുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. വസ്തുതകൾ വിളിച്ചുപറയുന്നതിൽ തെറ്റുണ്ടോ? സത്യം വിളിച്ചു പറയുന്നതാണോ അതോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റ്?’ – ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
നേരത്തെ മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സെഡ് കലാപം എന്ന് ആനി രാജ ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമര്‍ശവും കേസിന് കാരണമായിട്ടുണ്ട്.