കെ. കെ രമയ്‌ക്കെതിരായ പ്രചാരണത്തിന്റെ സത്യം പുറത്തു; കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ വി.ഡി സതീശന്‍
കെ. കെ രമയ്‌ക്കെതിരായ പ്രചാരണത്തിന്റെ സത്യം പുറത്തുവന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ കെ രമയുടെ പരാതിയില്‍ കേസെടുക്കാത്തതില്‍ വി ഡി സതീശന്‍ വിമര്‍ശനമുന്നയിച്ചു. സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ല. എന്നാല്‍ ബെംഗളൂരുവില്‍ സ്വപ്നയ്‌ക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചവരാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. പദവിക്ക് നിരക്കാത്ത പ്രസ്താവനകളാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വാച്ച് ആന്റ് വാര്‍ഡിന്റെ കയ്യില്‍ പൊട്ടലുണ്ടെന്ന് പറഞ്ഞതില്‍ സത്യം പുറത്തുവന്നു. ആകാശവാണി പോലെയാണ് മുഖ്യമന്ത്രി. നിയമസഭ ഗില്ലറ്റിന്‍ ചെയ്ത് ഓടുകയാണ് ചെയ്തത്. നിയമസഭയില്‍ സഭ്യേതരമായി പ്രതിപക്ഷം പെരുമാറിയിട്ടില്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചുവെന്ന സച്ചിന്‍ ദേവ് എംഎല്‍എക്കെതിരായ കെ കെ രമയുടെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്. മാനനഷ്ട പരിധിയില്‍ വരുന്നതിനാല്‍ കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നാണ് വിലയിരുത്തല്‍. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും കോടതിയെ സമീപിക്കുമെന്നും കെ.കെ.രമ പറഞ്ഞു.
കെ.കെ.രമ സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലും കാര്യമായ തുടര്‍നടപടി എടുത്തിട്ടില്ല. അതേ സമയം സംഘര്‍ഷ കേസുകളിലെ തുടര്‍നടപടികള്‍ക്ക് നിയമസഭ സെക്രട്ടറിയുടെ അനുമതിയും വൈകുകയാണ്.