Thursday, October 17, 2024
Kerala

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സുഖവിവരം അന്വേഷിച്ച് ആരോഗ്യവകുപ്പ്: ഫോണ്‍ വിളിച്ചത് മൂന്നുതവണ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സുഖവിവരം അന്വേഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ വിവരവും ആരോഗ്യവകുപ്പിന്‍റെ കൈവശമില്ലായിരുന്നുവെന്ന് വ്യക്തമായി. രോഗി മരിച്ച ശേഷവും ആരോഗ്യ സ്ഥിതി അന്വേഷിച്ച് ആരോഗ്യ വകുപ്പില്‍ നിന്നും മൂന്ന് തവണ ഫോണ്‍ വന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോത്തന്‍കോട് സ്വദേശി അനില്‍കുമാറിന്‍റെ ബന്ധു‍ക്കളെയാണ് ആരോഗ്യവകുപ്പിൽ നിന്ന് വിളിച്ചത്. മരിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും അനില്‍കുമാറിനെ കോവിഡ് മൂലം മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വാര്‍ഡ് മെമ്പറും സ്ഥിരീകരിച്ചു.

പോത്തന്‍കോട് പണിമൂല സ്വദേശി അനില്‍കുമാറിന് ഏപ്രില്‍ 28 നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. മെയ് ആറിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് അനില്‍കുമാര്‍ മരണത്തിന് കീഴടങ്ങി. കാര്യം ഇങ്ങനെയാണെങ്കിലും അനില്‍കുമാര്‍ കോവിഡ് വന്ന് മരിച്ചതാണെന്ന് സ്ഥിരീകരിക്കുന്ന ഒരു രേഖയും ബന്ധക്കളുടെ കൈവശമില്ല. കൈയിലുള്ള മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണവുമില്ല. അനില്‍കുമാര്‍ മരിച്ചതിന് ശേഷവും മൂന്നുതവണയാണ് ആരോഗ്യ വകുപ്പില്‍ നിന്നും ബന്ധുക്കളെ വിളിച്ചത്. മരിച്ചുവെന്നത് അറിയാതെയായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികള്‍. കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ മരിച്ചിട്ടും പട്ടികയില്‍ അനില്‍കുമാറിന്‍റെ പേരില്ലെന്ന് വാര്‍ഡ് മെമ്പറും തറപ്പിച്ചു പറയുന്നു. ഇതോടെ അനില്‍കുമാറിന്‍റെ മരണത്തോടെ ആശ്രയം നഷ്ടമായ ഭാര്യയും ഏകമകളും സര്‍ക്കാര്‍ ധനസഹായത്തിന് തീരുമാനിച്ചാലും കിട്ടുമോയെന്ന ആശങ്കയിലാണ്.

Leave a Reply

Your email address will not be published.