Sunday, April 13, 2025
Kerala

വ്യാജരേഖാ കേസ്; കെ വിദ്യയെ സംരക്ഷിക്കുന്നില്ലെന്ന് എം ബി രാജേഷ്

വ്യാജ രേഖ ചമച്ച കേസില്‍ കെ വിദ്യയെ സംരക്ഷിക്കുന്നില്ലെന്ന് മന്ത്രി എം ബി രാജേഷ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഉള്‍പ്പെട്ട മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന കേസില്‍ മാധ്യമപ്രവര്‍ത്തകയെ പ്രതി ചേര്‍ത്തതില്‍ പ്രതികരിക്കാനില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

ആര്‍ഷോയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് എം വി ഗോവിന്ദനൊപ്പം മന്ത്രി സജി ചെറിയാനും രംഗത്തെത്തി. നടപടി മാധ്യമങ്ങള്‍ക്കെതിരെയല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. നടപടി എടുത്തത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ്. സര്‍ക്കാരിനെ ഇകഴ്ത്തുന്ന സമീപനമാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. പി എം ആര്‍ഷോയ്‌ക്കെതിരെ ഗൂഢാലോചന ഉണ്ടായെന്ന് തെളിയുകയാണെന്നും മന്ത്രി പറഞ്ഞു.

മാധ്യമത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും നടപടി നേരിടുന്നതില്‍ നിന്നൊഴിയാന്‍ കഴിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. നടപടിയെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയായി താരതമ്യം ചെയ്യേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *