മാർക്ക് ലിസ്റ്റ് വിവാദം; പി എം ആർഷോയുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും
മാർക്ക് ലിസ്റ്റ് വിവാദത്തിൽ പി എം ആർഷോയുടെ പരാതിയിൽ അന്വേഷണസംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വിഎസ് ജോയുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന ഇല്ലെന്നും സാങ്കേതിക പിഴവാണെന്നും ആണ് പ്രിൻസിപ്പലിന്റെ മൊഴി. ഇത് സാധൂകരിക്കുന്നതിനുള്ള രേഖകൾ പ്രിൻസിപ്പൽ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കേസിൽ ആരോപണ വിധേയനായ അധ്യാപകൻ വിനോദ് കുമാറിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. മാർക്ക് ലിസ്റ്റിനെ പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പി എം ആർഷോ യുടെ പരാതിയിൽ
അഞ്ചുപേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് കേസിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ പുറത്തുവിട്ടിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ
മഹാരാജാസ് കോളജ് അധ്യാപകൻ വിനോദ് കുമാറാണ് ഒന്നാം പ്രതി. തെറ്റായ റിസൾട്ട് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകൻ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിൻസിപ്പൽ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറിൽ പറയുന്നു.
ആദ്യ രണ്ടുപ്രതികൾ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും കുറ്റം ചുമത്തി. പരീക്ഷ ജയിച്ചെന്ന തെറ്റായ റിസൾട്ട് തയാറാക്കിയെന്നും അധ്യാപകർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു വരെ പ്രതികൾ മാധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ ആരോപിക്കുന്നത്.
ഇതുവഴിഎസ് എഫ്ഐയ്‌ക്കും സംസ്ഥാന സെക്രട്ടറിയായ ആർഷോയ്ക്കും പൊതുജനമധ്യത്തിൽ അപകീർത്തിയുണ്ടായെന്നാണ് എഫ്ഐആർ. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ കേസിൽ മൂന്നാം പ്രതിയാണ്. മഹാരാജാസ് കോളജ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഫാസിൽ നാലാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയുമാണ്.