പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളജ്
പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളജ് അധികൃതർ. അന്വേഷണത്തിന് ശേഷം ശേഷം കൂടുതൽ വിവരം പറയാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആർഷോയുടെ മാത്രമല്ല, മറ്റ് കുട്ടികളുടെയും മാർക്ക് ലിസ്റ്റിൽ സമാനമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉന്നത വിദ്യാഭ്യസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കുകയാണ് കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെ.എസ്.യു നേതാക്കൾ അറിയിച്ചു.
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് പി എം ആർഷോ ആണെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. കോളജിന്റെ വ്യാജ സീൽ ഇവരുടെ പക്കൽ ഉണ്ടെന്നും അവർ ആരോപിക്കുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ എക്സാം കൺട്രോളർക്കെതിരെ നടപടി വേണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം. അതേസമയം തന്റെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പി.എം ആർഷോയുടെ വാദം.