Monday, April 14, 2025
Kerala

മാർക്ക് ലിസ്റ്റ് വിവാദം; മഹാരാജാസ് കോളജ് അധ്യാപകനെതിരായ ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ

മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളജ് അധ്യാപകനെതിരായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ. ഡോ. വിനോദ് കുമാർ കൊല്ലോനിക്കലിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എക്സാമിനേഷൻ കമ്മറ്റിയുടെ വിലയിരുത്തൽ. വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടി നൽകിയെന്ന പരാതിയിലും കഴമ്പില്ലെന്ന് കമ്മിറ്റി കണ്ടെത്തി.

എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്നാണ് പിഎം ആർഷോ പ്രതികരിച്ചത്. 2020 അഡ്മിഷനിൽ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളജ് പ്രിൻസിപ്പൽ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ പറഞ്ഞു. മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാർത്ത നൽകാൻ തയ്യാറായി. തനിക്കെതിരെ വ്യാജ വാർത്ത നൽകി വിദ്യാർത്ഥി പ്രസ്ഥാനത്തെ ഇല്ലാതാക്കി കളയാം എന്നാണ് കരുതിയതെന്നും അദ്ദേഹം വിമർശിച്ചു. തന്നെയും എസ്‌എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

വിവാദത്തിൽ ആർഷോ കുറ്റകാരൻ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്നാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പ്രതികരണം. എൻ.ഐ.സി വഴിയാണ് ലിസ്റ്റ് എടുത്തത്, അതിൽ പേര് കാണിക്കുന്നുണ്ട്. പിഴവ് പറ്റിയത് എൻ.ഐ.സിക്കാണ്. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടില്ല. ലിസ്റ്റിൽ പേരുണ്ടായിരുന്നു,പക്ഷെ ഫീസടച്ചില്ല. ആർഷോ പറഞ്ഞത് ശെരിയാണെന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *