Wednesday, January 8, 2025
Kerala

ജൂനിയര്‍ കെ.എം മാണിയുടെ വാഹനാപകട കേസ്: ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി റോഷി അഗസ്റ്റിന്‍

ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹന അപകട കേസിൽ ഉയർന്ന ആരോപണങ്ങളോട് മൗനം പാലിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ചോദ്യത്തിന് പ്രസക്തിയില്ലെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചു. കെ എം മാണി അനുസ്മരണ ചടങ്ങിലാണ് മന്ത്രിയോട് മാധ്യമ പ്രവർത്തകർ അപകടത്തെ പറ്റി ചോദിച്ചത്. മാണി സാറിന്റെ ഓർമ നിറഞ്ഞ വേദിയിൽ ഇത്തരം ചോദ്യങ്ങൾക്ക് എന്തു പ്രസക്തി എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ ഇട്ടതെന്നും മററു വീഴ്ചകൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമുള്ള വിശദീകരണം ആവർത്തിച്ച് വിവാദം അവസാനിപ്പിക്കാനാണ് പൊലീസും ശ്രമിക്കുന്നത്.

അതേസമയം വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയറിന്റെ ലൈസന്‍സ് റദ്ദാക്കും. ഇതിനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരശേഖരണം നടത്തി.

പൊലീസ് റിപോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കും. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ജോസ് കെ മാണിയുടെ മകന് ലൈസന്‍സ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കെ എം മാണി ഓടിച്ച ഇന്നോവ കാറില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ മാത്യു ജോണ്‍(ജിസ്35), ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്.

ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് സ്‌കൂട്ടര്‍ പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടമുണ്ടായപ്പോള്‍, ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *