പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ഇന്ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളും പൊലിസ് ഉദ്യോഗസ്ഥനും പ്രതികളായ തട്ടിപ്പ് നടന്ന് നാലര വർഷം കഴിഞ്ഞ ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്.
പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്, നസീം, പ്രണവ് ഇവർക്കു കോപ്പിയടിക്ക് സഹായം ചെയ്തു നൽകിയ പ്രവീൺ, സഫീർ, പൊലിസുകാരൻ ഗോകുൽ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചുവെന്നാണ് കണ്ടെത്തൽ. പരീക്ഷ ഹാളിൽ ജോലി ചെയ്തിരുന്ന മൂന്ന് അധ്യാപകരെ ക്രൈം ബ്രാഞ്ച് പ്രതിയാക്കിയിരുന്നുവെങ്കിലും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് വിവരം.