കളമശേരി ദത്ത് സംഭവം: കുഞ്ഞിന്റെ താത്ക്കാലിക സംരക്ഷണ ചുമതല തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് നല്‍കാമെന്ന് യഥാര്‍ത്ഥ മാതാപിതാക്കള്‍
കളമശേരി അനധികൃത ദത്ത് സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് തന്നെ വിട്ടുകിട്ടാന്‍ വഴിയൊരുങ്ങുകയാണ്. കുഞ്ഞിന്റെ താല്‍കാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏല്‍പ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ അറിയിച്ചു.
ദത്ത് സംഭവം ചര്‍ച്ചയായതോടെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ സിഡബ്ല്യുസിയ്ക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് സിഡബ്ല്യുസി കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളുടെ അനുവാദം തേടിയത്. ആറ് മാസത്തേക്ക് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ വിട്ടുനല്‍കുന്നതിന് തടസമില്ലെന്ന് കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെയോ മറ്റന്നാളോ അറിയാനാകും.
വ്യാജജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിനെ നിയമനടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ പത്തനംതിട്ട സ്വദേശികളാണെന്നും ഇരുവരും ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാവ് പഠനാവശ്യത്തിനായി വിദേശത്തേക്ക് പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.