ഇന്ന് സംസ്ഥാന ബജറ്റ്; നികുതികൾ വർധിപ്പിക്കാൻ സാധ്യത
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുള്ള സാധ്യത കുറവാണ്.
വിവിധ നികുതികൾ വർധിപ്പിച്ചേക്കും. സേവനങ്ങൾക്കുള്ള ഫീസുകളും ഉയരും. കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവും, റവന്യു വരവ് മെച്ചമല്ലാത്ത സാഹചര്യത്തിലും ബജറ്റിൽ എന്ത് മാജിക്കാണ് ധനമന്ത്രി ചെയ്യുകയെന്ന് കാത്തിരിക്കുകയാണ് കേരളം
കഴിഞ്ഞ ബജറ്റിൽ കൊവിഡ് പാക്കേജായിരുന്നു മുഖ്യ ആകർഷണം. സാമ്പത്തിക മാന്ദ്യം മാറ്റി ഉണർവേകാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകും. വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ വരുമാനം കൂട്ടി നില മെച്ചപ്പെടുത്തലാകും പ്രധാന ലക്ഷ്യം.
പെൻഷൻ പ്രായം കൂട്ടില്ലെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കെ റെയിൽ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും.