Friday, January 10, 2025
Kerala

പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടുള്ള ബജറ്റ്: മുഖ്യമന്ത്രി

 

പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല.

മഹാമാരിക്ക് പുറമേ യുക്രൈയിനിലെ യുദ്ധവും നമ്മുടെ സഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. കോവിഡ് മൂന്നാം തരംഗം ഒഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്‍റെ സാമ്പത്തിക പ്രത്യാഘാതം ഹ്രസ്വകാലത്തിനപ്പുറം നിലനില്‍ക്കും.

ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നത്. പരിസ്ഥിതി സൗഹൃദമായ വികസന പരിപ്രേക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള വീക്ഷണമാണ് ബജറ്റിലുളളത്. പരിസ്ഥിതി ബജറ്റ് പ്രത്യേകം തയ്യറാക്കാനുള്ള പ്രഖ്യാപനവും സവിശേഷതയുള്ളതാണ്.

നമ്മുടെ സമ്പദ്ഘടന വളര്‍ച്ച കൈരിക്കുമ്പോള്‍ അത് സമഗ്രമായിരിക്കണം എന്ന കാഴ്ച്ചപ്പാട് ബജറ്റിലുടനീളം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കാനും ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണം വിപുലപ്പെടുത്തി വിജ്ഞാന മേഖലയെ ഉല്‍പ്പാദന രംഗവുമായി ബന്ധപ്പെടുത്താനും വ്യക്തമായ നിര്‍ദ്ദേശം ബജറ്റിലുണ്ട്. ഇതിന്‍റെ ഭാഗമാണ് സയന്‍സ് പാര്‍ക്കുകള്‍ എന്ന ആശയം.

ഭക്ഷ്യ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം നല്‍കുന്നുണ്ട്. അതിനായി 2000 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സാങ്കേതിക വിദ്യ നടപ്പാക്കല്‍ എന്നിവയിലൂടെ ഉല്‍പ്പാദനക്ഷമതയും കര്‍ഷകന്‍റെ വരുമാനവും വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗമാണ് ബജറ്റ് പ്രഖ്യപനങ്ങളില്‍ ഉള്ളത്. ചെറുകിട വ്യവസായ മേഖലയ്ക്ക് നല്‍കുന്ന പ്രധാന്യവും തൊഴില്‍ നൈപുണ്യ വികസനത്തിന് നല്‍കിയ ഊന്നലും ബജറ്റിന്‍റെ സവിഷേതകളാണ്.

പൊതു വിദ്യാഭ്യാസം പൊതുജനാരോഗ്യം, അധികാര വികേന്ദ്രീകരണം, എന്നിവയ്ക്കും അര്‍ഹമായ പ്രധാന്യം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ മിഷന്‍ പദ്ധതികള്‍ക്കും ബജറ്റില്‍ ആവശ്യമായ വകയിരുത്തലുണ്ട്. സമീപനത്തിന്‍റെ സമഗ്രതയിലുടെ അടുത്ത കാല്‍നൂറ്റാണ്ടില്‍ കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങളിലെ ജീവിത നിലവാരത്തിനൊപ്പം എത്തിക്കണം എന്ന വീക്ഷണം യാഥാര്‍ത്ഥ്യമാക്കാനുള്ളള സുപ്രധാന കാല്‍വെയ്പ്പുകള്‍ ഈ ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. പ്രതികൂല സാഹര്യങ്ങള്‍ മിറകടക്കാനുള്ള ദൃഢനിശ്ചയവും ബജറ്റില്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *