കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടമുങ്ങൽ; എംഎൽഎയുടെ നിലപാട് അപക്വമെന്ന് സിപിഐ അസി.സെക്രട്ടറി
കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് പോയ വിഷയത്തിൽ ന്യായീകരണവുമായി സിപിഐ സർവീസ് സംഘടന രംഗത്ത്. ജീവനക്കാർ അവധി എടുത്തത് അപേക്ഷ നൽകിയ ശേഷമാണെന്ന് സിപിഐ അസി.സെക്രട്ടറി പി. ആർ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. തഹസിൽദാറുടെ കസേരയിൽ കയറി എംഎൽഎ ഇരുന്നത് ശരിയായില്ല. വിഷയത്തിൽ കോന്നി എംഎൽഎ കെയു ജെനിഷ് കുമാറിന്റെ നിലപാട് തികച്ചും അപക്വമെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാരെ അടച്ചാക്ഷേപിക്കരുതെന്നും, പ്രശ്നം ധാർമികതയുടേത് മാത്രമെന്നും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു.
എട്ട് ഉദ്യോഗസ്ഥർ സർവ്വേയുമായി ബന്ധപ്പെട്ടാണ് ഓഫീസിൽ നിന്ന് മാറി നിന്നത്. ജീവനക്കാർ അവധി എടുത്തത് അവധി അപേക്ഷ നൽകിയ ശേഷം. ഓഫീസ് അടച്ചുപൂട്ടി ജീവനക്കാർ പോയി എന്നത് വസ്തുത വിരുദ്ധം എന്നാണ് സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥ് വ്യക്തമാക്കിയത്. റവന്യു വകുപ്പും സർക്കാരും മോശം ആണെന്ന സന്ദേശം എംഎൽഎയുടെ പ്രവർത്തനത്തിലൂടെ ഉണ്ടായി. വിഷയത്തിൽ എംഎൽഎയുടെ പ്രവർത്തനെ ശരിയായിരുന്നോ എന്ന് സിപിഎം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ട അവധിയെടുത്തുള്ള ഉദ്യോഗസ്ഥരുടെ വിനോദയാത്ര സംബന്ധിച്ച് വിവാദം എംഎൽഎയും സിപിഐയും തമ്മിലുള്ള തർക്കത്തിലേക്കും കടന്നിരിക്കുകയാണ്.
അതേ സമയം കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ വിശദീകരണവുമായി തഹസിൽദാർ രംഗത്ത് വന്നു. തന്റെ അവധി നിയമപ്രകാരമെന്നായിരുന്നു തഹസിൽദാർ എൽ കുഞ്ഞച്ചൻ പറഞ്ഞത്.