രണ്ട് കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; കൊൽക്കത്തയിലെത്തി പ്രതിയെ പൊക്കി ആലുവ പൊലീസ്
രണ്ട് കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി സഞ്ജയ് സിംഗിനെയാണ് ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളുണ്ടാക്കിയ പ്രതി ഈ കമ്പനികളുടെ പേരിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. കമ്പനികളുടെ ജിഎസ്ടി ബിൽ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
ജിഎസ്ടി ഓഫീസിൽ നിന്ന് രണ്ട് കോടി രൂപയുടെ ബാധ്യത എത്തുമ്പോഴാണ് താൻ തട്ടിപ്പിനിരയായി എന്ന് സജിക്ക് മനസിലാവുന്നത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെട്ടു. സൈബർ ടീമിനെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിൽ കൊൽക്കത്തയിലെ ഫ്ലാറ്റിൽ നിന്ന് ഇയാളെ സാഹസികമായി കേരള പൊലീസ് പിടികൂടുകയായിരുന്നു. ആധാർ കാർഡും പാൻ കാർഡും മറ്റും ഓൺലൈൻ ലോൺ എടുക്കുന്നതിനായി സജി സമർപ്പിച്ചിരുന്നു. ഇവിടെനിന്നാണ് പ്രതി സജിയുടെ രേഖകൾ കൈക്കലാക്കിയത്.