ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് 8 മണിക്കൂര്‍; സംഭവം കൊല്ലത്ത്
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം 8 മണിക്കൂറോളം റോഡരികിൽ കിടന്നു. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. തക്കല സ്വദേശിയായ ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തമിഴ്നാട്ടിൽ നിന്ന് വാഴ വിത്തുമായി എത്തിയ ലോറി, വാഴ വിത്തിറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോൾ രതീഷ് ലോറിക്കടിയിൽ പെടുകയായിരുന്നു. രതീഷിനെ റോഡിന്റെ വശത്തേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവർ ലോറിയുമായി പോയി. രാവിലെ 8 മണിയോടെയാണ് റോഡരികിൽ നിന്ന് മൃതദേഹം മാറ്റിയത്.
അതേസമയം, സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കൊച്ചിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് പൊലീസ്. കച്ചേരിപ്പടിയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ വൈപ്പിൻ സ്വദേശി ആന്റണി മരിച്ചതിന് പിന്നാലെയാണ് സ്വകാര്യ ബസുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി കൊച്ചി ഡപ്യൂട്ടി പൊലീസ് കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് നഗരത്തില്‍ രാത്രിയും പകലും ഒരു പോലെ പൊലീസ് പരിശോധന കർശനമാക്കിയത്. രാവിലെ ഡിസിപി തന്നെ വാഹന പരിശോധനക്ക് ഇറങ്ങി. ഇതിനിടെ അപകടങ്ങളുടെ പേരില്‍ സ്വകാര്യ ബസ് ജീവനക്കാരെ മാത്രം പൊലീസ് ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി ബസ് ജീവനക്കാരും രംഗത്തെത്തി.