Sunday, April 13, 2025
Wayanad

പുത്തുമല പുനരധിവാസം :കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ശിലാസ്ഥാപനം നടത്തി

കല്‍പറ്റ: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ഖൈര്‍) ശിലാസ്ഥാപനം ഇന്ത്യന്‍ ഗ്രാന്‍റ്മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. എല്ലാ വിയോചിപ്പുകള്‍ക്കുമപ്പുറം വേദനിക്കുന്ന മനുഷ്യനെ ചേര്‍ത്ത് പിടിക്കാനുള്ള സന്നദ്ധതയാണ് എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടാവേണ്ടതെന്ന് കാന്തപുരം പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടമൊരുക്കാനുള്ള മുസ്ലിം ജമാഅത്തിന്‍റെ ദൗത്യത്തില്‍ എല്ലാവരുടേയും സഹകരണം കാന്തപുരം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാറിനൊപ്പം നമ്മളും ഒന്നിച്ചുനിന്നാലെ ഈ മനുഷ്യര്‍ക്ക് വീടുകള്‍ ഉണ്ടാവൂ, കാന്തപുരം ഓര്‍മ്മപ്പെടുത്തി. മേപ്പാടി പുത്തുമലയില്‍ നടന്ന ശിലാസ്ഥാപന ചടങ്ങ് എം വി ശ്രേയാംസ് കുമാര്‍ എം പി ഉല്‍ഘാടനം ചെയ്തു. മുസ്ലിം ജമാ അത്ത് സംസ്ഥാന സെകട്ടറി വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. പുത്തുമലയിലെ സ്നേഹ ഭൂമിയില്‍ 6 വീടുകളും പുത്തൂര്‍വയല്‍, കോട്ടനാട്, കോട്ടത്തറവയല്‍ എന്നിവിടങ്ങളിലായി ഏഴു വീടുകളുമാണ് നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ കവളപ്പാറയിലും മുസ്ലിംജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ 13 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നുണ്ട്. സമസ്ത കേന്ദ്രമുശാവറ അംഗം കൈപ്പാണി അബൂബക്കര്‍ ഫൈസി, സി.കെ ശശീന്ദ്രന്‍ എം.എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല, സി.പി.സൈതലവി മാസ്റ്റര്‍, എസ് ശറഫുദ്ദീന്‍, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ സെകട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഡപ്യൂട്ടി കലക്ടര്‍ അജീഷ് കുന്നത്ത് , മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ സഅദ്, കെ ഒ അഹമ്മദ് കുട്ടി ബാഖവി, ജില്ല പഞ്ചായത്ത് മെമ്പര്‍ പി കെ അനില്‍കുമാര്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ഹംസ, ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *