Thursday, January 9, 2025
Kerala

‘ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവ് വേണം’; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ തയ്യാറെന്ന് ശശി തരൂര്‍

കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഉന്നമിട്ട് ഡോ.ശശി തരൂര്‍ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ തനിക്ക് ബുദ്ധിമുട്ടില്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം. കേരളത്തില്‍ ശ്രദ്ധിക്കാനാണ് തനിക്ക് ആഗ്രഹം. യുഡിഎഫി ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മാണി വിഭാഗത്തെ ഒപ്പം കൂട്ടണമെന്നും ദീപിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ വാക്കുകള്‍.

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തില്‍ ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നുമുള്ള നിലപാടിലാണ് തരൂര്‍. തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷമുണ്ട്. എം പി മാരില്‍ പലരും നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തനിക്ക് ഇപ്പോള്‍ മാത്രമല്ല, നേരെത്തെയും കേരളത്തില്‍ സ്വീകാര്യതയുണ്ടെന്നും ശശി തരൂര്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സ്വയം തീരുമാനിക്കലല്ലെന്നും നേതൃത്വമാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നുമായിരുന്നു എം എം ഹസനും വി ഡി സതീശനും അടക്കമുള്ള നേതാക്കളുടെ പ്രതികരണം.

അതേസമയം സ്ഥാനാര്‍ഥിത്വ ചര്‍ച്ചകളിലൂടെ ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തീര്‍ത്ത ആശയക്കുഴപ്പത്തിനിടെ കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. പരസ്യ ചര്‍ച്ചകള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും വില്‍ക്കേര്‍പ്പെടുത്തിയുള്ള തീരുമാനം നേതൃയോഗങ്ങളില്‍ ഉണ്ടായേക്കും. പുനഃസംഘടനാ ചര്‍ച്ചകളാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട.

Leave a Reply

Your email address will not be published. Required fields are marked *