കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം; പ്രതി പിടിയിലായി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശമയച്ച പ്രതി പിടിയിലായി. നാലുവയൽ സ്വദേശി റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് പ്രതി വ്യാജ സന്ദേശമയച്ചത്.
ഇന്നലെ വൈകിട്ട് രാത്രി ഒൻപത് മണിയോട് കൂടിയാണ് കണ്ണൂർ റെയിൽവേ പൊലീസിന്റെ ജില്ലാ കൺട്രോൾ റൂമിലേക്ക് സന്ദേശം വന്നത്. റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാത ഫോൺ കോൾ സന്ദേശം. പിന്നാലെ വലിയ ആശങ്ക പരന്നു. കണ്ണൂർ ടൗൺ പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തുകയുമൊക്കെ ചെയ്തു. പക്ഷേ സംശയകരമായതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പത്ത് മണിയോടുകൂടി പരിശോധന അവസാനിപ്പിക്കുകയും ചെയ്തു.
റെയിൽവേ സ്റ്റേഷനിൽ പെട്ടെന്നുണ്ടായ പരിശോധന യാത്രക്കാരെ ആകെ ഭീതിയിലാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നാലെയാണ് ആരാണ് ഈ സന്ദേശം അയച്ചത് എന്ന പരിശോധന കണ്ണൂർ ടൗൺ പൊലീസ് നടത്തിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സിറ്റി നാലുവയൽ സ്വദേശി റിയാസ് പിടിയിലാവുകയായിരുന്നു. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മദ്യലഹരിയിലാണ് ഇയാൾ ഇത്തരത്തിൽ സന്ദേശം അയച്ചത് എന്നതാണ് പൊലീസിൻ്റെ കണ്ടെത്തൽ.