ഓൺലൈനിൽ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു
ഓൺലൈനിൽ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീതാണ് തൂങ്ങിമരിച്ചത്. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീത്
ലോക്ക് ഡൗൺ സമയത്താണ് ഓൺലൈനിൽ റമ്മി കളി ആരംഭിച്ചത്. കളിയിൽ നഷ്ടം വന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്നും കടമെടുത്താണ് ഇയാൾ ഓൺലൈൻ റമ്മി കളിച്ചിരുന്നത്.
21 ലക്ഷത്തോളം രൂപ കടം വന്നതിന് ശേഷമാണ് വിനീത് വീട്ടുകാരെ പോലും ഇക്കാര്യം അറിയിക്കുന്നത്. തുടർന്ന് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം തിരികെ അടച്ചു. ഇതിനിടെ വിനീത് നാട്ടിൽ നിന്ന് ഒളിച്ചോടുകയും ചെയ്തു. എന്നാൽ പോലീസ് കണ്ടെത്തി തിരികെ വീട്ടിൽ എത്തിച്ചു. ഇതിന് ശേഷം ഇയാൾ വിഷാദത്തിന് അടിമയായിരുന്നു