കേരളത്തെ ഉന്നത വിദ്യാഭ്യസ ഹബാക്കി മാറ്റാനാണ് ശ്രമം: മുഖ്യമന്ത്രി
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഖജനാവിലെ പണം നിർദ്ദിഷ്ട കാര്യത്തിന് തന്നെ ഉപയോഗപ്പെടുത്തണമെന്ന ഉത്തരവാദിത്തം സർക്കാരിന് എല്ലാ കാലത്തും ഉണ്ട്. അക്കാദമിക് കാര്യങ്ങളിൽ സർവകലാശാലകൾക്ക് പരിപൂർണ സ്വാതന്ത്ര്യം ഉണ്ടാകും.
അത് ഉറപ്പുവരുത്താനും സർക്കാർ ശ്രമിക്കും.അതിന് സാധിക്കുന്ന തരത്തിൽ പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രാധാന്യത്തോടെ കണ്ടുകൊണ്ട് മികച്ച സാമ്പത്തിക സഹായം ലഭ്യമാക്കും.
ആ മേഖലയുടെ നിലവാരവും മാനുഷിക മൂല്യവും ഉറപ്പാക്കും. സർവകലാശാലകളിൽ പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ കലണ്ടറും യാഥാർത്ഥ്യമാക്കും. മാനേജ്മെന്റുകളുടെ താത്പര്യം ഹനിക്കാതെ സ്വാശ്രയ കോളേജ് അധ്യാപകരുടെ നിയമനവും വേതനവും നിശ്ചയിക്കുന്നതിനുള്ള ബിൽ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.